ഭഗത് സിംഗ് (Bhagath singh)


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിങ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.
ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും 23 ആമത്തെ വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചതായി കണക്കാക്കപ്പെടുന്നു.

Comments

Popular posts from this blog