ശ്രീനാരായണഗുരു (Sree narayana guru)

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർക്ഷത്രിയരടക്കമുള്ളനായർ,അമ്പലവാസി,ശൂദ്രനായർ,വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ ,ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽനിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
പ്രധാന ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാരുടെയും നായൻമാരുടെയും കൈവശാവകാശത്തിലായിരുന്നു.അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തവരാണ്‌.

Comments

Popular posts from this blog